ഒരു വേനല്‍ച്ചൂടിന്റെ ദാഹത്തില്‍
മരുഭൂമിയുടെ കനല്‍ക്കാറ്റുകളില്‍
വ്യത്യസ്ത ദിശകളിലേക്ക് പറന്നകന്ന
രണ്ടു തൂവലുകള്‍ .
ഞാനും നീയും .
നിന്റെ കൊടുങ്കാറ്റു വീശവേ
എന്റെ വാക്കുകളെ തളയ്ക്കുവാന്‍
ഞാനുപയോഗിച്ച കടിഞ്ഞാണ്‍
ഒരു പഴയ പൊക്കിള്‍ക്കൊടി.
പാറകള്‍ അലിഞ്ഞു ചേര്‍ന്ന തിരമാലകള്‍,
നിന്റെ പുഞ്ചിരി.
ഒന്നായി ചേര്‍ന്ന രണ്ടു നിഴലുകള്‍
ഒരു പൌര്‍ണ്ണമീ പശ്ചാത്തലം.
പനിനീരിന്റെ മുള്‍ തട്ടി കീറിയ ചിറകുകള്‍
നൂറ്റാണ്ടുകളുടെ പഴക്കമുള്ള മുള്ള്.
നിന്റേതു മാത്രമായ ഒരു വിശ്വാസം.
വിട പറഞ്ഞ വേളയില്‍
ഉള്ളില്‍ നിന്നും ചുണ്ടിലേക്കുള്ള ഇടവഴിയില്‍
പുച്ഛത്തില്‍ തട്ടിത്തെറിച്ചു വീണ എന്റെ വാക്ക്,
ഒരു പഴയ മുറിവ്.
തിരശീല്ലയിട്ടു ഞാന്‍ മറച്ച
നിറങ്ങള്‍ ഉരുകിയൊലിച്ച മുഖത്തെഴുത്ത്
ഒരു മറന്ന തോറ്റം പാട്ട്.
അന്ന് നീ പോയ നാള്‍,
നഗരത്തിലെ നരകത്തില്‍ ,
ഇരുള്‍ മൂടിയ ചേരിയില്‍,
നിശബ്ധമായുതിര്‍ന്ന എന്റെ രക്തം ,
എന്റെ ധമനികളില്‍ നിന്നും ,
നിന്റെ മനസ്സിലേക്ക് തെറിച്ച
അവസാനത്തെ തുള്ളി മഷി .
***അതെ ഇത് രണ്ടും കല്‍പ്പിച്ചു അങ്ങ് പോസ്ടീ ...
തെറ്റുകളുണ്ടെങ്കില്‍ സ്നേഹനിധികളായ ബൂലോകവാസികള്‍ പൊറുക്കുക ....