മുലപ്പാല്‍ രുചിക്കാതെ
എന്നില്‍ നിന്നോടിയകന്ന
മകള്‍ക്ക്,
-ഉയരങ്ങളിലലിഞ്ഞു പോയോരമ്മ.(മേഘം)
ദിശതെറ്റി ദാഹിച്ചലഞ്ഞോരെന്നെ
കൊലുസിളക്കി തണുപ്പില്‍ പൊതിഞ്ഞു
തിടുക്കത്തില്‍ കുതറിപ്പോയ കൂട്ടുകാരിക്ക്,
ഇനി നീ വരുമ്പോള്‍
മൂളാനെനിക്ക് മറ്റൊരു പാട്ടുണ്ട്
വടക്കന്‍ മലയുടെ താഴ്വരയില്‍
നിന്നും കളഞ്ഞുകിട്ടിയത്
-ഒരിക്കലും പിണങ്ങാത്ത കളിക്കൂട്ട്കാരന്‍.(കാറ്റ്)
നിനക്കായ് ദാഹിച്ചോരെന്നിലെക്കുതിര്‍ന്നു
തീരാദാഹമായ് മാറിയ എന്റെ പ്രണയിനിക്ക്,
നീ രചിച്ച കവിതകള്‍ കണ്ണുതുറന്നിരിക്കുന്നു
അവയുടെ ഇളം പച്ച ഉടലിനു നിന്റെ മണം.
-നിന്റെ സുഗന്ധം പേറുന്ന കാമുകന്‍. (മണ്ണ്)
ഞാനോഴികിത്തുടങ്ങും മുന്‍പേ
വെയിലിന്റെ അഴലുകള്‍ക്കിടയിലൊളിച്ച അമ്മയ്ക്ക്,
നിന്റെ നിറമാണെനിക്കും
നാളെ ഞാനോരായിരം കണങ്ങളായ്
ചിതറി വീഴുമ്പോള്‍ നീ ദുഖിക്കുമോ?
-മുലപ്പാല്‍ രുചിക്കാത്ത
ഏകയായൊഴുകുന്ന മകള്‍. (പുഴ)